Sunset

മുല്ലപ്പൂ മണമുള്ള പെൺകുട്ടി

This story was written as a submission for the art installation Jasmine Awning (മുല്ലപന്തൽ) to be displayed at the Gender Bender festival 2018 to be held on 22-26 August 2018 at Max Mueller Bhavan, Bangalore. Gender Bender seeks to explore gender as a concept, discourse, concept and art itself.

പകൽ അവളെ കണ്ടാൽ അവളൊരു സാധാരണക്കാരി. അമ്പലത്തിൽ പോകുന്ന, ചുരിദാറിടുന്ന, മീൻകൂട്ടാൻ ഇഷ്ടമുള്ള, നിങ്ങളേപോലെ തന്നെയുള്ള ഒരു സാധാരണക്കാരി. പക്ഷേ, ചീവീടുകൾക്കൊപ്പമാണ് ഈ പെൺകുട്ടി ഉണരുന്നത്.

View this post on Instagram

This is where.

A post shared by anjana (@anjananju) on

സന്ധ്യ മയങ്ങുകയേ വേണ്ടൂ അവൾ ഉണരുകയായി. പശുവിൻ പാലിൻ നിറമുള്ള അവൾ പൂമൊട്ടുകൾ പോലുള്ള തന്റെ കണ്ണുകൾ പതുക്കെ തുറക്കും. ഉറക്കച്ചടവോടെ മടിപിടിച്ച് കണ്ണുംപൂട്ടി തിരിഞ്ഞുകിടക്കും. വെളിച്ചം കയറാത്ത വിധം പകുതി വിടർന്നൊരു പൂച്ചയുറക്കം.

അവൾക്ക് ഇരുപത്തിമൂന്നോ ഇരുപത്തിനാലോ വയസ്സായി കാണും. തിരമാലകുട്ടികളെ പോലെ ചാടിത്തുള്ളി നടക്കുന്ന മുടിയാണവൾക്ക്. കുറ്റിമുല്ലയെന്നാണ് എല്ലാവരും അവളെ വിളിക്കുന്നത്. പേരിൽ ഇല്ലാത്ത അധിക്ഷേപം വിളിയിൽ ചേർക്കാൻ ആരും മറക്കാറില്ല താനും.

രാത്രി വാതിൽ തുറന്ന് അവളെ അകത്തേക്ക് വിളിച്ചു. മന്ദസ്മിതം പോലെ സുഗന്ധം പരത്തുന്ന അവൾ പോകാൻ തയ്യാറാവുകയാണ്. ഇതാ, തൂവെള്ള പല്ലുകൾ കൊണ്ടൊരു മൂളിപ്പാട്ടും പാടി അവൾ ബസ് സ്റ്റാൻഡിലേക്ക് നടക്കുന്നു.  

View this post on Instagram

Bubbleman. Most fun @central park!

A post shared by anjana (@anjananju) on

വാതിലിൻ അകത്ത് ഉപയോഗിച്ച് വിരസമായ മുറിയാണ്. അലങ്കോലമായി കിടക്കുന്ന കട്ടിൽ. അതിന്മേൽ ഒരാൾ കഷ്ടിച്ച് എഴുന്നേറ്റിരിക്കുന്നു. ലേശം കീറിയ മുഷിഞ്ഞ ലുങ്കിയാണ് വേഷം. മേൽക്കുപ്പായമൊന്നും ധരിച്ചിട്ടില്ല. മുഖത്ത് താടിരോമങ്ങൾ ചാണം വിതറിയ ചീരത്തടം പോലെ ഉത്സാഹത്തോടെ വളരുന്നു. കണ്ണുകളിൽ മടുപ്പ്. പത്തുമുപ്പത് വയസ്സ് പ്രായം കാണും. ഇടത്തരം നിറം. മേലനങ്ങാത്ത ദേഹപ്രകൃതം. കൈയിൽ നോക്കിയാൽ മടുപ്പിന്റെ കാരണം പിടികിട്ടും. കരിമ്പനടിച്ചപോലെ കൈമടക്ക് നിറയേ മരുന്ന് കുത്തിവച്ച പാടുകളാണ്.

ആ മണം ഓർമ്മയിൽ മാത്രമാണോയെന്ന് സംശയിപ്പിക്കും വിധം രാത്രി ചെല്ലുന്തോറും അവളുടെ മുല്ലപ്പൂമണത്തിന്റെ വീര്യം കുറഞ്ഞുകുറഞ്ഞ് വരുന്നു. അവളെ കാണുമ്പോൾ അയാൾ ചിരിച്ച് അടുത്തേക്ക് വിളിക്കുന്നു. ആ മുല്ലപ്പൂമണമുള്ള പെൺകുട്ടി കർമ്മഭൂമിയിലേക്ക് ഇറങ്ങുകയാണ്. തന്റെ കൈകൾ കൊണ്ട് ആദ്യം അയാളുടെ നെറ്റിയിൽ തഴുകുന്നു. പിന്നെ അയാളുടെ കൈതണ്ടയിൽ സൗമ്യമായി പിടിച്ച് വിദഗ്ധമായി അയാളെ കട്ടിലിലേക്ക് ചെരിച്ചു കിടത്തുന്നു. പിന്നെ അവരുടെ കണ്ണുകൾ പരസ്പരം സമ്മതം ചോദിക്കുകയായി.  

സമ്മതം മൂളിയ അയാളുടെ കണ്ണുകൾ പതുക്കെ അടഞ്ഞ് ആ അനിവാര്യതയ്ക്കായി കാത്തുകിടപ്പായിക്കഴിഞ്ഞു. അവളുടെ മുഖത്ത് ചെയ്ത് തഴമ്പിച്ച പ്രവൃത്തിയുടെ സ്വാഭാവികതയാണ്. സുഗന്ധങ്ങളെല്ലാം അപ്പോഴേയ്ക്കും വാടി ഉതിർന്നു വീണിരുന്നു.

ഇളംചൂടുള്ള വെള്ളത്തിൽ മുക്കിയ തോർത്തുകൊണ്ട് അവൾ അയാളുടെ തുടയിലും മറ്റും തുടച്ചപ്പോൾ യൂക്കാലിപ്റ്റസിന്റെ മണം ആ മുറിയിൽ നിറഞ്ഞു. വിലക്ഷണത കൊണ്ടയാൾ ശ്വാസംവിടാതെ കിടന്നു. അവൾ മല്ലിക. നൈറ്റ് ഷിഫ്റ്റ് നേഴ്സായി ജോലിനോക്കുന്നു.